പാർട്ടി വിട്ടതിന്റെ വിദ്വേഷത്തിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി; ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

കൊല്ലം: ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒളിവിലായിരുന്ന ഒമ്പത് പ്രതികളും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. കടവൂർ ജയൻ വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു.
കോടതി ശിക്ഷ പറയാൻ തീയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി പ്രതികൾ മുങ്ങിയതിനാൽ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികൾ കോടതിയിലെത്തിയിരുന്നില്ല, പ്രതികളുടെ അസാന്നിധ്യത്തിൽ വിധി പ്രസ്താവം മാറ്റി വച്ച കോടതി പ്രതികളെ ഹാജരാക്കാൻ ജാമ്യക്കാർക്ക് നിർദേശം നൽകി. ഇവരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ നോട്ടീസ് ഇറക്കി അന്വേഷണവും ഊർജിതമാക്കി, ഇതേതുടർന്നാണ് പ്രതികൾ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതികളെ ഹാജരാക്കിയതോടെ ശിക്ഷ വിധിച്ചു.
ബിജെപി പ്രവർത്തകനായിരുന്ന ജയൻ പാർട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടർന്ന് 2012 ഫെബ്രുവരി ഏഴിനാണ് ജയനെ കൊല്ലപ്പെടുത്തിയത്. പ്രതികൾ സംഘം ചേർന്ന് ജയനെ കൊലപ്പെടുത്തിയെന്നാണ് കേസ്.







