നൂറു ദിവസത്തിനുള്ളിൽ 100 പദ്ധതികളുമായി സർക്കാർ

*ഭക്ഷ്യക്കിറ്റ് അടുത്ത നാലുമാസവും
*സാമൂഹ്യക്ഷേമ പെൻഷൻ നൂറുരൂപ കൂട്ടി
*കോളേജുകളിൽ 150 പുതിയ കോഴ്സുകൾ
*250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കും
*ആരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും
*കോവിഡ് ടെസ്റ്റുകളുടെ പ്രതിദിനം അരലക്ഷമാക്കും
*പച്ചക്കറി ന്യായവിലയ്ക്ക് ഉറപ്പാക്കാൻ കടകളുടെ ശൃംഖല
*14 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും
അടുത്ത 100 ദിവസങ്ങളിൽ പൂർത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കർമപദ്ധതി ഓണ സന്ദേശത്തോടൊപ്പം ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. നൂറുദിവസത്തിനുള്ളിൽ നൂറ് പദ്ധതികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
വികസന പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ലെന്നും ഇനിയുള്ള ദിവസങ്ങളിലും കോവിഡ് ശക്തമായി തുടരുമെന്നതിനാൽ പരമാവധി സമാശ്വാസ സഹായങ്ങൾ ജനങ്ങൾക്ക് നേരിട്ട് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.







