Kerala

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 12,000 പൊതു ശുചിമുറികള്‍ നിര്‍മ്മിക്കും; നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 12,000 ജോഡി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം എടുത്തത്.

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

ഇതുമായി സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ പങ്കാളികളാക്കും. സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും.

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Back to top button