കൂടരഞ്ഞിയിൽ വനിത ശിശു വികസന വകുപ്പ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൂടരഞ്ഞി: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കൂടരഞ്ഞി പഞ്ചായത്തിൽ പാരന്റൽ ക്ലിനിക്കിന്റെ ഭാഗമായി ഔട്ട് റിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ 1,11,12,13,14 വാർഡുകളിലെ അങ്കണവാടി പ്രദേശത്തെ കൗമാര പ്രായക്കാരായ കുട്ടികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി, വാർഡ് മെമ്പർമാരായ ബാബു മുട്ടോളി, ജറീന റോയ് തുടങ്ങിയവർ സംസാരിച്ചു. വനിത ശിശു വികസന വകുപ്പ് സ്കൂൾ കൗൺസിലർ നോജി വിവിധ കുടുംബ പശ്ചാത്തലങ്ങളിൽ ഉള്ള മാതാപിതാക്കളിലും കൗമാരക്കാരിലും കണ്ടുവരുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സും കൗൺസിലിംഗും നല്കി. തുടർ സേവനങ്ങൾ ആവശ്യമായ ആളുകളെ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക് മുഖേന സേവനം ലഭ്യമാകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.






