കൂടരഞ്ഞി-കുളിരാമുട്ടി റോഡ് പൂർത്തിയാകാത്തതിൽ പ്രതിഷേധവുമായി എൽ.ജെ.ഡി

കൂടരഞ്ഞി: കൂടരഞ്ഞി-കുളിരാമുട്ടി റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. റബ്ബറൈസ്ഡ് റോഡ് പ്രവർത്തി വാട്ടർ അതോറിറ്റിയുടെ ജൽ ജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി കാരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണിപ്പോൾ. ചെറിയ കുഴികൾ മാത്രം ഉണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ചതോടെ പൊടിശല്യം മൂലം പൊറുതിമുട്ടുകയാണ് പരിസരവാസികളും യാത്രക്കാരും.
തിരുവമ്പാടി പൊതുമരാമത്തുവകുപ്പ് ഓഫിസിന് മുമ്പിൽ ധർണയുൾപ്പെടെ നടത്താൻ എൽ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയസമിതി അംഗം പി.എം തോമാസ്, വി.വി ജോൺ, ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലിൽ, അബ്ദുറഹ്മാൻ പള്ളിക്കലാത്ത്, ജോർജ് മംഗര, സജി പെണ്ണാപറമ്പിൽ, ജോർജ് പ്ലാക്കാട്ട്, എം.ടി സൈമൺ, ജോയി ആലുങ്ക, ബിജു മുണ്ടയ്ക്കൽ, എം.ഡി തോമസ് തുടങ്ങിയവർ സംസാരിച്ചു







