തിരുവമ്പാടി അഗ്രി ടൂറിസം പാക്കേജ് ആസ്വദിക്കാനും, പഠിക്കാനുമായി കണ്ണൂർ ജില്ലാ കളക്ടർ അടങ്ങുന്ന സംഘം എത്തി

തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കണ്ണൂർ ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ, ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ ഇ. കെ, കണ്ണൂർ ടൂർസ് & ഹോളിഡേയ്സ് മാനേജിങ് ഡയറക്ടർ ഷൈൽ എം.എം എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച തിരുവമ്പാടിയിലെ ഫാമുകൾ സന്ദർശിച്ചു.
കണ്ണൂർ ജില്ലയിൽ നടപ്പാക്കുവാനുദ്ദേശിക്കുന്ന ഫാം ടൂർ പ്രോഗ്രാമിനാവശ്യമായ ആശയങ്ങൾ സ്വരൂപിക്കുന്നതിന്റെ ഭാഗമായി മലബാർ ടൂറിസം കൗൺസിൽ ഭാരവാഹികളുടെ അഭിപ്രായപ്രകാരമാണ് സംഘം സന്ദർശനം നടത്തിയത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഇരവഞ്ഞി വാലി അഗ്രി ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, പഞ്ചായത്ത് മെമ്പർമാർ, ഫാം ടൂർ സൊസൈറ്റി അംഗങ്ങളായ കർഷകർ തുടങ്ങിയവർ ചേര്ന്ന് സന്ദർശക സംഘത്തിന് ടൂർ സർക്യൂട്ടിന്റെ ഭാഗമായ ലെയ്ക് വ്യൂ വില്ലയിൽ വച്ച് സ്വീകരണം നല്കി. നവകേരളം മിഷൻ കോഴിക്കോട് ജില്ല കോർഡിനേറ്റർ പി. പ്രകാശ് സന്ദർശക സംഘത്തിന് അകമ്പടി നൽകുകയും ചെയ്തു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM-K) ട്രെയിനിംഗ് വിംഗ് ടീമിലെ ഓഫീസർമാരും സ്റ്റാഫും അടങ്ങിയ സംഘവും ഇതേ ദിവസം തന്നെ ഇവിടെ സന്ദർശനത്തിനായി എത്തിയിരുന്നു.
പൂർണ്ണ സംതൃപ്തി അറിയിച്ചും തുടർ സഹകരണങ്ങൾ വാഗ്ദാനം ചെയ്തുമാണ് രണ്ട് സംഘങ്ങളും മടങ്ങിയത്.







