താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിലും പരിസരത്തുംനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു

പുതുപ്പാടി : താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിലും പരിസരത്തുംനിന്ന് മാലിന്യങ്ങൾ നീക്കംചെയ്തു. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷ്യാവശിഷ്ടങ്ങളും ഡയപ്പറുകളും നാപ്കിനുകളും ഉൾപ്പെടെ ചാക്കുകണക്കിന് മാലിന്യങ്ങളാണ് ഒറ്റദിവസംകൊണ്ട് നീക്കം ചെയ്തത്. . പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസാ ഷെരീഫിന്റെ നിർദേശപ്രകാരം പത്തോളം ഹരിതകർമസേനാംഗങ്ങളാണ് മാലിന്യങ്ങൾ വീപ്പകളിൽനിന്ന് ഒഴിവാക്കിയത്. മാലിന്യം തള്ളൽ തുടർക്കഥയാവുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിനായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം വ്യൂപോയിന്റിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാൻ തീരുമാനമായി. വ്യൂപോയിന്റ് പരിസരത്താണ് സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ സ്പോൺസർഷിപ്പ് വ്യവസ്ഥയിൽ ആദ്യഘട്ടത്തിൽ ക്യാമറ സ്ഥാപിക്കുക.
വയനാട് ഗേറ്റിനുസമീപത്തെ വ്യൂപോയിന്റ് പരിസരത്തുനിന്നായിരുന്നു മാലിന്യനീക്കത്തിന് ചൊവ്വാഴ്ച രാവിലെ തുടക്കമിട്ടത്. വ്യൂപോയിന്റ് പരിസരത്തെ നെറ്റ് വീപ്പകൾക്കുള്ളിലും പുറത്തും തള്ളിയമാലിന്യമാണ് ഹരിതകർമസേനാംഗങ്ങൾ ആദ്യം ശേഖരിച്ചത്. രണ്ടാഴ്ചയ്ക്കുമുമ്പ് കാലിയാക്കിയ വീപ്പകൾവരെ രാത്രിയുടെമറവിൽ മാലിന്യംതള്ളി സാമൂഹ്യദ്രോഹികൾ നിറച്ചതായി പഞ്ചായത്ത് അധികൃതർ പറയുന്നു. മുപ്പതുചാക്കോളം ഉപയോഗിച്ച ഡയപ്പറുകളും നാപ്കിനുകളുമാണ് ചുരത്തിൽനിന്ന് ചൊവ്വാഴ്ച മാത്രം ശേഖരിച്ചത്. വീടുകൾ, ഫ്ളാറ്റുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെവിടെനിന്നോ ഇത്തരം മാലിന്യങ്ങൾ ഒരുമിച്ചെടുത്ത് ചുരത്തിൽ കൊണ്ടുവന്നുതള്ളിയെന്നാണ് നിഗമനം.
അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റുകളിൽ ഇത്തരത്തിലുള്ളവ സംസ്കരിക്കുന്ന പതിവില്ല. അളവ് കൂടുതലാവുമ്പോൾ കത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ വലിയകുഴിയെടുത്ത് മൂടാറാണുപതിവ്. മാലിന്യസംസ്കരണത്തിന് കരാറുണ്ടാക്കിയ പ്ലാന്റ് അധികൃതർ ഇത്തരം മാലിന്യം സംസ്കരണത്തിനെടുക്കാത്തത് അവ നീക്കംചെയ്യിപ്പിച്ച പഞ്ചായത്ത് അധികൃതർക്ക് ഫലത്തിൽ തലവേദനയായി. ചൊവ്വാഴ്ച വീപ്പകളിൽനിന്ന് നീക്കംചെയ്ത ഡയപ്പറുകളും നാപ്കിനുകളുമെല്ലാം ടിപ്പർലോറിയിൽത്തന്നെ വെച്ചിരിക്കുകയാണ്. ശുചിത്വമിഷൻ അധികൃതരുമായി ബന്ധപ്പെട്ടശേഷം ഇവ സംസ്കരിക്കാൻ തുടർനടപടി സ്വീകരിക്കുമെന്ന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.നീക്കംചെയ്തതിൽ മുപ്പത് ചാക്കോളം ഡയപ്പറുകളും നാപ്കിനുകളും വ്യൂപോയിന്റിൽ നിരീക്ഷണത്തിന് സി.സി.ടി.വി. ക്യാമറ സ്ഥാപിക്കും







