Kerala

ലോക്ക് ഡൗൺ ലംഘനം: കോട്ടയത്ത് പ്രതിഷേധവുമായി ആയിരത്തിലധികം പേര്‍!

ലോക്ക് ഡൗൺ ലംഘിച്ച് കോട്ടയത്ത് പ്രതിഷേധവുമായി ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍! പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്നാണ് ആവശ്യം. 

പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആയിരത്തിലധികം പേർ സംഘടിച്ചെത്തിയിട്ടുണ്ട്.

എന്നാല്‍, ഇവരെ നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു വ്യക്തമാക്കി. കൂടാതെ, നിരത്തിലിറങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

ഡല്‍ഹിയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സമാന വാര്‍ത്തകള്‍ കണ്ടാണ്‌ ഇവര്‍ ആവശ്യവുമായി എത്തിയതെന്നാണ് കരുതുന്നതെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞിട്ടില്ലെന്നാണ് . നാട്ടിലേക്ക് പോകണമെന്ന ആവശ്യം മാത്രമാണ് അവര്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അതനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

താമസസൗകര്യവും ഭക്ഷണവും ആവര്‍ ആവശ്യപ്പെട്ടിട്ടില്ല. ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ സാധനങ്ങളും എത്തിച്ചു നല്‍കുന്നുണ്ട്. അവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതിനുള്ള നടപടികള്‍ പഞ്ചായത്തും റവന്യൂ വകുപ്പും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നടപടികള്‍ക്ക് എതിര് നില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും വീട്ടുടമകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Related Articles

Leave a Reply

Back to top button