Kerala

പോലീസ് വാഹനങ്ങൾ വാങ്ങിച്ചതിലും ക്വാർട്ടേഴ്‌സ് നിർമ്മാണത്തിലും അഴിമതി; ബെഹ്‌റയെ കുരുക്കി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കുരുക്കി സിഎജി റിപ്പോർട്ട്. ബെഹ്‌റയ്ക്കും റവന്യു വകുപ്പിനുമെതിരെയാണ് സിഎജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുള്ളത്. സംസ്ഥാനത്തെ പോലീസ് ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസിലേക്ക് കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്പിമാർക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിക്കുന്നതിനുള്ള തുകയിൽ 2.81 കോടി രൂപയാണ് വകമാറ്റിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമർശനം. അഞ്ച് ജില്ലകളിൽ 1588 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നുവെന്നാണ് കണ്ടെത്തൽ.

പോലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തിയതായാണ് ബെഹ്‌റയ്‌ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. മിത്ഷുബിഷി പജേറോ സ്‌പോർട് വാഹനത്തിന്റെ വിതരണക്കാരിൽ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോർമ ഇൻവോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുൻകൂർ അനുമതി വാങ്ങിയില്ല. തുറന്ന ദർഘാസ് വഴി പോലും കാർ വാങ്ങാൻ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദർഘാസ് നടത്താതിരിക്കാൻ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകൾ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാറിന്റെ വിതരണക്കാർക്ക് മുൻകൂറായി 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. 2017ലെ ടെക്‌നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി വിമർശിച്ചു.

തിരുവനന്തപുരം എസ്എപിയിൽ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാർട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂർ പോലീസ് അക്കാഡമിയിൽ 200 വെടിയുണ്ടകൾ കുറവാണ്. തൃശ്ശൂരിൽ വെടിയുണ്ട സൂക്ഷിച്ചിരുന്ന പെട്ടിയിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സർക്കാർ വിശദീകരണവും റിപ്പോർട്ടിലുണ്ട്. വെടിക്കോപ്പുകൾ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു.

ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനവും സിഎജി റിപ്പോർട്ടിലുണ്ട്.

Related Articles

Leave a Reply

Back to top button