Mukkam
വേനൽ മഴയും കാറ്റും കൊടിയത്തൂർ പഞ്ചായത്തിൽ കൃഷി നാശം

മുക്കം : വേനൽ മഴയിലും കാറ്റിലും കൊടിയത്തൂർ പഞ്ചായത്തിൽ ഏക്കർ കണക്കിന് കൃഷി നാശം. ലക്ഷങ്ങളുടെ നാശ നഷ്ടമാണുണ്ടായത്. ചെറുവാടി പുഞ്ചപ്പാടം,കാരക്കുറ്റി,കുറ്റിപ്പൊയിൽ ഭാഗങ്ങളിലായി മാത്രം 6 ഏക്കർ നെൽക്കൃഷിയും 6 ഏക്കർ വാഴക്കൃഷിയും നശിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത്, കൃഷി ഓഫിസർ കെ.ടി.ഫെബിദ എന്നിവർ പറഞ്ഞു. വിളവെടുക്കാൻ പാകമായത് ഉൾപ്പെടെയുള്ള നെൽക്കൃഷിയാണ് വെള്ളം കെട്ടി നിന്ന് നശിച്ചത്.
കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിയിറക്കിയ 24 കർഷകരുടെ കൃഷിയാണ് വേനൽ മഴയിൽ നശിച്ചത്. ഒരാഴ്ചയിലേറെയായി മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ശക്തമാണ്. കൃഷി നാശം നേരിട്ട പ്രദേശങ്ങൾ പ്രസിഡന്റ് വി.ഷംലൂലത്തും കൃഷി ഓഫിസർ കെ.ടി.ഫെബിദയും സന്ദർശിച്ചു. കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.






