മുക്കം ടൗണിൽ പുല്ലു പതിച്ച മീഡിയനിൽ നടത്തിയ അശാസ്ത്രീയ പ്രവൃത്തി എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു

മുക്കം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പുല്ലു പതിച്ച മീഡിയൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു. 7.5 കോടി രൂപ ചെലവഴിച്ചുള്ള ടൗൺ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന പാതയിൽ അഭിലാഷ് ജംക്ഷൻ മുതൽ അരീക്കോട് പാലത്തിന് സമീപം വരെ സ്ഥാപിച്ച മീഡിയൻ ആണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ കുത്തിപ്പൊളിച്ചത്.
കുത്തിപ്പൊളിച്ച ഭാഗത്തു നിന്ന് നീക്കം ചെയ്യുന്ന മണ്ണും മീഡയിനിലെ പുല്ലിലേക്കാണ് മാറ്റിയത്. അശാസ്ത്രീയമായി പ്രവൃത്തി നടത്തുന്നത് യാത്രയ്ക്കിടയിൽ ശ്രദ്ധയിൽപെട്ട എം.എൽ.എ ഇടപെടുകയും കരാറുകാരനെ വിളിച്ച് പ്രവൃത്തി നിർത്തിവയ്ക്കാനും പുല്ലുകൾക്കും ചെടികൾക്കും കേട് വരാത്ത രീതിയിൽ പ്രവൃത്തി നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിളക്കുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് മീഡിയൻ പൊളിച്ചു മാറ്റിയത്. അതേസമയം ഇലക്ട്രിക് പ്രവൃത്തിക്ക് മുന്നേ പുല്ല് പാകലും മറ്റും നടത്തിയതിനെതിരെ ചോദ്യവും ഉയർന്നിട്ടുണ്ട്.







