Thiruvambady

തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തി ഭൂമി പ്രശ്നം പരിഹരിക്കുന്നതിനായി യോഗം ചേർന്നു

തിരുവമ്പാടി: മണ്ഡലത്തിലെ കണ്ടപ്പൻചാൽ, മുത്തപ്പൻപുഴ, മറിപ്പുഴ തുടങ്ങി വനാതിർത്തിയിലുള്ള പ്രദേശങ്ങളിൽ വനംവകുപ്പും കർഷകരും തമ്മിലുള്ള തർക്ക വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. സമഗ്ര സർവേയിലൂടെ വനാതിർത്തി നിശ്ചയിക്കുന്നതിനും തർക്കമുള്ള ഇടങ്ങളിൽ സർക്കാരിന്റെ അനുമതിയോടെ റവന്യൂ, വനം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംയുക്ത പരിശോധന നടത്തി വിഷയത്തിൽ തീർപ്പു കൽപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. തർക്കമില്ലാത്ത വനാതിർത്തിയിൽ വനംവകുപ്പ് ജണ്ട ഇടുകയും മറ്റിടങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും.

മംഗലശ്ശേരി, ചെറുപ്ലാട് വനഭൂമി, കുറുമരുകണ്ടി എന്നിവിടങ്ങളിലെ പട്ടയ പ്രശ്നങ്ങൾ വേഗതയിൽ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. യോഗത്തിൽ കളക്ടർ സാംബശിവ റാവു, പി സി സി എഫ് രാജേഷ്, കണ്ണൂർ സി സി എഫ് വിനോദ്, കോഴിക്കോട് ഡി എഫ് ഒ രാജീവ്‌, ഡെപ്യൂട്ടി കളക്ടർ ബിന്ദു, തഹസിൽദാർമാർ, വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത അവലോകനയോഗം ജൂലൈ 31ന് കളക്ടറേറ്റിൽ ചേരും.

Related Articles

Leave a Reply

Back to top button