Thiruvambady

തിരുവമ്പാടിയിൽ മെയ് 4 മുതൽ കടകൾ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവമ്പാടി : മെയ് 4 മുതൽ തിരുവമ്പാടിയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ് അറിയിച്ചു.

നിലവിൽ കോഴിക്കോട് ജില്ല ഓറഞ്ച് സോണിൽ ആയതിനാൽ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തനാനുമതി എന്നും രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തനസമയം അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കടകൾ തുറക്കുന്നതിന് മുന്നോടിയായി കടയുടെ പരിസരം വൃത്തിയാക്കി വെക്കണമെന്നും, പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ കച്ചവടക്കാരും ഉപഭോക്താക്കളും പാലിക്കണമെന്നും, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

കടയിൽ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തണമെന്നും, തൊഴിലാളികളും കടയിലേക്ക് വരുന്ന ഉപഭോക്കാക്കും മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നുമുള്ള അധികൃതരുടെ നിർദ്ദേശം പൂർണ്ണമായും പാലിച്ചു കൊണ്ടായിരിക്കും കടകൾ തുറക്കുക.

കൈകൾ വൃത്തിയാക്കാനുള്ള സാനിറ്ററൈസർ, സോപ്പ്, ഹാൻഡ് വാഷ് , വെള്ളം എന്നിവ കടകളിൽ ഉണ്ടായിരിക്കണമെന്നും, ആളുകൾ കൂട്ടം കൂടി നില്ക്കാൻ ഉള്ള അവസരം ഉണ്ടാകരുത് എന്നും, ഹോട്ടലുകളിൽ ഭക്ഷണങ്ങൾ പാർസൽ നൽകുവാൻ മാത്രമേ പാടുള്ളൂ എന്നും, ഒരു കാരണവശാലും ഇരുന്ന് കഴിക്കാൻ അനുവദിക്കരുത് എന്നതുൾപ്പെടെയുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും കടകൾ തുറന്നു പ്രവർത്തിക്കുക.

ആഴ്ചയിൽ ആറുദിവസം തുറന്നു പ്രവർത്തിക്കുമെന്നും, ഞായറാഴ്ച ഒരു കാരണവശാലും കടകൾ തുറക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button