തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതി നാടിൻ്റെ ജനകീയ പദ്ധതി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു കീഴിൽ നിരവധിയായ പ്രവർത്തികൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.തൊഴിലില്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക് തൊഴിൽ കാർഡ് നൽകി അവരുടെ തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്നതോടൊപ്പം വിവിധ മേഖലകളിലെ നിരവധി പദ്ധതികൾക്ക് പുത്തൻ ഉണർവ് നൽകാൻ പഞ്ചായത്ത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അതിൻ്റെ ഭാഗമായി മ്യഗസംരക്ഷണ മേഖലയിൽ തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, തീറ്റപുൽ കൃഷി, കോഴിക്കൂടുകളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികളിലൂടെ മ്യഗ സംരക്ഷണത്തിനുള്ള ഭൗതികസാഹചര്യം ഒരുക്കുകയാണ്. ജലസംരക്ഷണ മേഖലയിൽ കുളങ്ങൾ, കിണറുകൾ തുടങ്ങിയവയുടെ നിർമ്മാണവും വിവിധ ജലശ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും, അതോടൊപ്പം മഴവെള്ള സംഭരണികളുടെ നിർമ്മാണം, കാർഷിക മേഖലക്ക് സഹായകരമായ രീതിയിൽ മഴവെള്ളപാച്ചിലിനെ തടഞ്ഞു നിർത്തുന്നതിന് മണ്ണ് കയ്യാല, കല്ല് കയ്യാല, മഴക്കുഴികൾ മുതലായവയുടെ നിർമ്മാണം, തോടുകളുടേയും നീർച്ചാലുകളുടെയും സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ പദ്ധതികൾ ഈ മേഖലയിൽ നടപ്പാക്കുന്നു.
കാർഷികമേഖലയിൽ കൃഷിക്കാർക്ക് ഏറ്റവും സഹായകരമായ രീതിയിൽ അവരുടെ കൃഷി ഇടങ്ങളിൽ ക്യഷി ഇറക്കുന്നതിനുള്ള ജോലികൾ ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്താം, നിലം ഒരുക്കുന്നതിനും, തൈകൾ നടുന്നതിനും തൊഴിലുറപ്പ് സേവനം ലഭ്യമാണ്. പരമാവധി കർഷകർ തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായാൽ അവരുടെ ക്യഷി സ്ഥലത്ത് അവർ തന്നെ ചെയ്യുന്ന ജോലിക്ക് കൂലി കൂടി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗവുമായോ, നിങ്ങളുടെ മെമ്പറുമായോ അല്ലെങ്കിൽ ഓരോ വാർഡിലേയും തൊഴിലുറപ്പ് മേറ്റുമായോ ബന്ധപ്പെടുക.







