മുക്കം തൃക്കുടമണ്ണ തൂക്കുപാലം അപകടഭീഷണിയിൽ

കാരശ്ശേരി: ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ തൃക്കുടമണ്ണയിലുള്ള തൂക്കുപാലം തുരുമ്പെടുത്ത് പലഭാഗത്തും പൊട്ടി വേർപെട്ടനിലയിൽ. ചിലഭാഗങ്ങൾ നാട്ടുകാർ കയർകൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയും പെയിന്റടിച്ചും സംരക്ഷിക്കാത്തതാണ് പാലം തകരാൻ കാരണം. തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്കെത്തിച്ചേരാനും കാരശ്ശേരി പഞ്ചായത്തിലെ തടപ്പറമ്പ്, പാലിയിൽ, കുമാരനെല്ലൂർ പ്രദേശവാസികൾക്ക് എളുപ്പത്തിൽ മുക്കം ടൗണിൽ എത്താനുമുള്ള മാർഗമാണ് ഈ തൂക്കുപാലം.
പുഴ നിറഞ്ഞതോടെ യാത്രക്കാരുടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് 2009ലാണ് തൂക്കുപാലം നിർമിച്ചത്. 2018ലെ പ്രളയത്തിൽ പാലം തകരുകയും 2019ൽ പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. ജി.ഐ പൈപ്പുകളും ഇരുമ്പ് നെറ്റും കമ്പിയും ഉപയോഗിച്ചുണ്ടാക്കിയ പാലത്തിന്റെ തൂണുകളുമായി ബന്ധിപ്പിച്ചിട്ടുള്ളിടങ്ങളിലും അടിഭാഗത്തും കൈവരിയിലുമടക്കം പലഭാഗത്തും വേർപെട്ടനിലയിലായിരുന്നു. പാലം അടിയന്തരമായി നന്നാക്കണമെന്നും കോൺക്രീറ്റ് പാലം നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.







