Kerala

ഇടിമിന്നലോട് കൂടിയ കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വേനല്‍മഴയോടനുബന്ധിച്ച് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

26ാം തിയ്യതി കൊല്ലം,പത്തനംതിട്ട,വയനാട്, എന്നീ ജില്ലകളിലും 27 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതല്‍ മെയ് 27 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ച മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നല്‍ തുടര്‍ന്നേക്കാം. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related Articles

Leave a Reply

Back to top button