തോട്ടുമുക്കത്തുള്ളവർക്ക് സർക്കാർ ഓഫീസുകളിൽ എത്താൻ കിലോമീറ്ററുകൾ താണ്ടണം

കൊടിയത്തൂർ : പശ്ചിമഘട്ട താഴ്‌വാരത്തിലെ മലനിരകൾക്കു നടുവിലാണ് തോട്ടുമുക്കം ഗ്രാമം. മലപ്പുറം ജില്ലയോട് ചേർന്ന് കോഴിക്കോട് ജില്ലാ അതിർത്തിയിലുള്ള ഈ നാട്ടിലെ ജനങ്ങൾക്ക് മറ്റുനാടുകളിൽനിന്ന് വ്യത്യസ്ഥമായി അസൗകര്യങ്ങളുടെ നടുവിലാണ് ഇന്നും ജീവിതം. എന്താവശ്യത്തിനും അയൽപഞ്ചായത്തുകളും ജില്ലതന്നെയും കടന്നു ചുറ്റിക്കറങ്ങണം. കൃഷി ഓഫീസിലെത്താൻ 15 കിലോമീറ്ററും പഞ്ചായത്ത് ഓഫീസിലെത്താൻ 20 കിലോമീറ്ററും യാത്രചെയ്യണം.
പനിയോ മറ്റോ വന്നാൽ മരുന്നുവാങ്ങാൻ 15 കിലോമീറ്ററോളം കറങ്ങിത്തിരിയേണ്ട ദുരവസ്ഥ. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ടതാണെങ്കിലും തോട്ടുമുക്കം ഒറ്റപ്പെട്ട ഗ്രാമമാണ്.
ഇവിടെ കുറേപ്പേർ തപാൽവകുപ്പിന് മലപ്പുറം ജില്ലക്കാരാണ്. കെ.എസ്.ഇ.ബി. ഓഫീസ് ആണെങ്കിലും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടീരിയും കോഴിക്കോട് ജില്ലയിലെ പന്നിക്കോടുമായി രണ്ടിടത്താണ്. കോഴിക്കോട് ജില്ലക്കാരായ ഇവർ ചില ആവശ്യങ്ങൾക്ക് മലപ്പുറം ജില്ലക്കാരാകേണ്ടിയും വരുന്നു.







