റേഷൻ കടകൾക്ക് മുന്നിൽ മുൻപിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

തിരുവമ്പാടി: പുഴുക്കലരി നിർത്തലാക്കി സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തിരുവമ്പാടി, ആനക്കാംപൊയിൽ, കോടഞ്ചേരി, പുന്നക്കൽ റേഷൻ കടകൾക്ക് മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കഞ്ഞി വെപ്പ് സമരം നടത്തി. റേഷൻ കടകളുടെ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുക, റേഷൻ കടകളിൽ പുഴുക്കലരി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
തിരുവമ്പാടിയിൽ റേഷൻ കടയ്ക്ക് മുന്നിൽ നടന്ന സമരം മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് വട്ടപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ ബിജു എണ്ണാർമണ്ണിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുള്ളിക്കാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മണ്ഡലം സെക്രട്ടറി ലിസി മാളിയേക്കൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി.എൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ആനക്കാംപൊയിൽ റേഷൻ കടയ്ക്ക് മുമ്പിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, മഞ്ചു ഷിബിൻ, മനോജ് വാഴേപ്പറമ്പിൽ, സജി കൊച്ചുപ്ലാക്കൽ, സോമി വെട്ടുകാട്ടിൽ, ഷിജു ചെമ്പനാനി, പൗളിൻ മാത്യു, തോമസ് ഓത്തിക്കൽ, ബാബു പേക്കാക്കുഴി തുടങ്ങിയവർ സംസാരിച്ചു.







