Kerala

‘കാപാത്ത് അയ്യാ…’ ഉദയന്റെ ചെവിയിൽ മുഴങ്ങുന്നു ആ നിലവിളി

കടലുണ്ടി: കടലുണ്ടി തീവണ്ടിയപകടത്തിന് തിങ്കളാഴ്ച പത്തൊമ്പത് ആണ്ട് തികയുകയാണ്. അന്നത്തെ ‘കാപാത്ത് അയ്യാ…’ നിലവിളി കടലുണ്ടി സ്വദേശിയും നവധാര പെയിൻ ആൻഡ്‌ പാലിയേറ്റിവ് കെയർ സെന്ററിലെ ചീഫ് കോ-ഓർഡിനേറ്ററുമായ ഉദയൻ കാർക്കോളിയുടെ കാതുകളിൽ മുഴങ്ങുന്നുണ്ടിപ്പോഴും.

ചുമട്ട് തൊഴിലാളിയായിരുന്ന ഉദയൻ പണിയും കഴിഞ്ഞ് മത്സ്യവും വാങ്ങി വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ് കടലുണ്ടി റെയിൽവേ ഗേറ്റിനു സമീപം ചെന്നൈ എക്സ്പ്രസ് കടലുണ്ടി പുഴയിൽ പതിച്ചെന്ന വാർത്ത അറിയുന്നത്.

അപകടസ്ഥലത്തേക്ക് ആൾക്കൂട്ടത്തിനൊപ്പം ഉദയനുമോടി. പുഴയിൽ പതിച്ച ബോഗികളിൽനിന്ന് നിലവിളിയും അലമുറയും മാത്രം. ഒപ്പം ശക്തമായ മഴയും. ഇതിനിടയിൽ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തുടങ്ങിയിരുന്നു. അവർക്കൊപ്പം ഉദയനും പങ്കുചേർന്നു. ബോഗികൾ വെട്ടിപ്പൊളിച്ച് ജീവനുള്ളവരെയും മരിച്ചവരെയുമൊക്കെ തോണിയിൽ കയറ്റി കരയിലെത്തിച്ചു.

ഒടുവിൽ രക്ഷാപ്രവർത്തനം അവസാനിച്ചെന്ന ആശ്വാസത്തോടെ രാത്രി വൈകി സുഹൃത്തുക്കൾക്കൊപ്പം തോണിയിൽ കയറി കരയിലേക്ക് നീങ്ങവേ പുഴയിൽ പതിച്ച കമ്പാർട്ട്മെൻറിൽനിന്ന് പതിഞ്ഞ ശബ്ദം കേട്ടു, ‘കാപാത്ത് അയ്യാ…’

മറ്റൊന്നും ആലോചിച്ചില്ല. രക്ഷാപ്രവർത്തകർക്കൊപ്പം വെട്ടിപ്പൊളിച്ചിട്ട ബോഗിക്കുള്ളിലേക്ക്‌ നൂഴ്‌ന്നിറങ്ങി. ബോഗിയിലെ ബാത്ത് റൂമിനുള്ളിൽ നിന്നായിരുന്നു ആ ശബ്ദം. വാതിൽ തുറന്ന് കൈപിടിച്ച് ആ വയോധികയെ എല്ലാവരും ചേർന്ന് പുറത്തെത്തിച്ചു.

ബോഗിയിൽനിന്ന് തോണിയിലേക്ക്‌ കിടത്തുമ്പോൾ ആ അമ്മ പറയുന്നുണ്ടായിരുന്നു- ‘‘ഉങ്കൾക്ക് കോടികോടി പുണ്യം കെടയ്ക്കും’’.

2001 ജൂൺ 22-നാണ് 6602 നമ്പർ ചെന്നൈ മെയിൽ വൈകീട്ട് 5.15-ന് കടലുണ്ടി പുഴയിൽ പതിക്കുന്നത്. ദുരന്തത്തിൽ 52 പേർ മരിക്കുകയും 222 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. എൻജിനും രണ്ട് ബോഗിയും കടന്ന ശേഷമാണ് തീവണ്ടി പാളംതെറ്റിയത്. നടുവിലത്തെ ബോഗികളിലുള്ളവരാണ് പുഴയിലേക്ക്‌ പതിച്ചത്. പെരുമൺ അപകടം കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ വലിയ തീവണ്ടി അപകടമാണിത്.

News from mathrubhumi

https://www.mathrubhumi.com/kozhikode/news/kadalundi-train-accident-1.4850102

Related Articles

Leave a Reply

Back to top button