തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കി.

തിരുവമ്പാടി : ലോക്ക്ഡൗൺ കാലത്ത് സജീവമായ ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി പെരുംപൂള സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിക്ക് തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ടി വി എത്തിച്ചുനല്‍കി.
വീട്ടിൽ ആവശ്യമായ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്താണ് വിദ്യാർത്ഥിനി ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. വിദ്യാർത്ഥിനിയുടെ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് അധികൃതരുമായി വിഷയം പങ്കുവയ്ക്കുകയും ബാങ്കിന്റെ സഹായത്തോടെ ടി വി വാങ്ങി നൽകുകയുമായിരുന്നു.
വൈദ്യുതി ലഭ്യമല്ലാത്ത വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ എത്തിക്കുവാൻ വേണ്ട നടപടികളും സ്വീകരിച്ചു. ഇത് രണ്ടാം തവണയാണ് തിരുവമ്പാടി പോലീസ് പഠന സൗകര്യം ഒരുക്കുന്നതിനായി ടി വി എത്തിച്ചു നൽകുന്നത്.
തിരുവമ്പാടി സി ഐ ഷാജു ജോസഫ് ടി വി വിദ്യാർഥിനിക്ക് കൈമാറി. ജനമൈത്രി പോലീസ് എസ് സി പി ഒ ജിനേഷ് കുര്യൻ, ദിനേശ് യു വി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.







