Kerala

കൊവിഡ് പോസിറ്റീവാകുന്ന ആരോഗ്യപ്രവർത്തകർക്ക് ചികിത്സ വീട്ടിൽ തന്നെ; വീട്ടിലെ ഒരാൾ നിരീക്ഷിക്കണം: സർക്കാർ മാർഗനിർദേശമായി

തിരുവനന്തപുരം: കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് പോസിറ്റീവാകുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് പകരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം. ഇതിനുള്ള സർക്കാർ മാർഗനിർദേശമായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറി ഉള്ള റൂമിൽ തന്നെ കഴിയണം. ആരോഗ്യവിവരങ്ങൾ അപ്പപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശ ഇവർ നിർദേശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും നൽകണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഇവരെ ഫോൺ വഴിയും വീഡിയോ കോൾ വഴിയും ദിവസവും ബന്ധപ്പെടും. മെഡിക്കൽ ഉപദേശങ്ങൾ നൽകും. പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കണം. അത് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെ അറിയിക്കണം.

കുടുംബത്തിലെ ആരോഗ്യമുള്ള ഒരാൾ രോഗിയുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കണം. രോഗിയുടെ ആരോഗ്യനില വഷളാവുകയാണെങ്കിൽ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. കുടുംബത്തിൽ മറ്റ് അസുഖങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ അവരുടെ ആരോഗ്യസ്ഥിതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സംഘം വിലയിരുത്തണം. കൊവിഡ് രോഗിയ്ക്ക് 10ാം ദിവസം ആന്റിജൻ പരിശോധന നടത്തും. നെഗറ്റീവ് ആയാലും ഏഴ് ദിവസം കൂടി വിശ്രമിക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button