Kerala

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കണം; മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്‌ക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ എല്ലാവരും തയ്യാറാവുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കള്‍ ഇവയൊക്കെയാണ് :- ടോര്‍ച്ച്,റേഡിയോ, 500 ml വെള്ളം, ORS പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍,100 ഗ്രാം കപ്പലണ്ടി,100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം,ചെറിയ ഒരു കത്തി,10 ക്ലോറിന് ടാബ്ലെറ്റ്,ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി,ബാറ്ററിയും, കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍,അത്യാവശ്യം കുറച്ച് പണം, ATM

പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന രീതിയില്‍ വീട്ടില്‍ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക. എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാന്‍ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുകയും വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button