മലബാർ റിവർ ഫെസ്റ്റിവൽ 2026; കയാക്കിംഗ് പരിശീലനം ആരംഭിച്ചു

കോടഞ്ചേരി: കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ജൂലൈ 30,31 ഓഗസ്റ്റ് 1, 2 തീയതികളിൽ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുംമായി നടത്തപ്പെടുന്നു. ഇതിനു മുന്നോടിയായി കയാക്കിംഗ് താരങ്ങൾ പരിശീലനം ആരംഭിച്ചു.
അന്താരാഷ്ട്ര കയാക്കിംഗ് താരമായ മാണിക്ക് തനേജയുടെ ഗുഡ് വേവ് അഡ്വഞ്ചർ കയാക്കിംഗ് സെന്ററിന്റെ നേതൃത്വത്തിൽ ഇരുവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും പരിശീലനം ആരംഭിച്ചു. ഉത്തരാഖണ്ഡ് സ്വദേശികളായ അങ്കിത്ത് സിംഗ്, അർജുൻ റാവത്ത് എന്നിവരാണ് പരിശീലനം കൊടുക്കുന്നത്. രണ്ടു മലയാളികളും മൂന്നു കർണാടകക്കാരും ഒരു രാജസ്ഥാൻകാരനടക്കം ആറ് പേർ പരിശീലനം നടത്തുന്നു.
തുഷാര അഡ്വഞ്ചർ കയാക്കിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ കോടഞ്ചേരി സ്വദേശിയായ നിസ്തുൽ ജോസ് ഡൽഹി, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള എട്ടുപേർക്ക് പരിശീലനം നടത്തുന്നു. ഇരുവഞ്ഞിപ്പുഴയിലാണ് പ്രധാനമായും പരിശീലനം നടത്തുന്നത്.







