സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 814 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 73 പേരുണ്ട്. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 94 പേര്‍ക്കും രോഗം ബാധിച്ചു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു.
കൊവിഡ് ബാധിച്ച് ഇന്ന് അഞ്ചുപേര്‍ സംസ്ഥാനത്ത് മരിച്ചു. മലപ്പുറം മാമ്പുറം സ്വദേശി ഇമ്പിച്ചിക്കോയ ഹാജി, കണ്ണൂര്‍ കൂടാലിയിലുള്ള സജിത്ത്, തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍, എറണാകുളം ഇളമക്കര സ്വദേശി പി ജി ബാബു, ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി സുധീര്‍ എന്നിവരാണ് ഇന്ന് മരിച്ചത്.
അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറിലധികമാണ്. തിരുവനന്തപുരം – 289, കാസര്‍ഗോഡ് -168, കോഴിക്കോട് -149, മലപ്പുറം -142, പാലക്കാട് -123 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. കൂടുതല്‍ പേര് രോഗമുക്തരായത് തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 27608 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.







