Kerala

ഒന്നരവയസുകാരൻ കുഞ്ഞനിയൻ 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു; പിന്നാലെ ചാടി മുങ്ങിയെടുത്ത് 19കാരൻ അസ്‌നൈൻ; ജീവൻരക്ഷിച്ച സാഹസത്തിന് നിറകൈയ്യടി

മഞ്ചേരി: കിണറിന്റെ കരയിൽ വെച്ച ബക്കറ്റിലെ വെള്ളത്തിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ ഒന്നരവയസുകാരനെ മുങ്ങിയെടുത്ത് രക്ഷപ്പെടുത്തി സഹോദരൻ. ആൾമറയുടെ അടുത്തു വച്ച ബക്കറ്റിൽ കയറി കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരൻ അഹമ്മദ് മാലിക്കാണ് കിണറ്റിൽ വീണത്. 50 അടി താഴ്ചയും 12 അടി വെള്ളവും ഉള്ള കിണറ്റിൽനിന്നും കുഞ്ഞിനെ 19 വയസ്സുകാരനായ സഹോദരൻ അഹമ്മദ് അസ്‌നൈൻ മുങ്ങിയെടുക്കുകയായിരുന്നു. മാലികിനെയും അസ്‌നൈനെയും രക്ഷിക്കാൻ ഇറങ്ങിയ പിതാവ് ഹബീബ് റഹ്മാൻ കിണറിൽ നിന്നും കരകയറാനാകാതെ വിഷമിച്ചതോടെ അഗ്നിശമന സേന എത്തി രക്ഷിച്ചു.

തൃക്കലങ്ങോട് ചീനിക്കലിൽ ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം. ചെറുകാട് ഹബീബ് റഹ്മാന്റെ മകൻ അഹമ്മദ് മാലിക് ആണ് കളിക്കുന്നതിനിടെ വീടിനോടു ചേർന്ന ആൾമറയുള്ള കിണറ്റിൽ വീണത്. മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ വീടിനകത്തുണ്ടായിരുന്ന അസ്‌നൈൻ കിണറ്റിലേക്ക് എടുത്തു ചാടി, 12 അടി താഴ്ചയുള്ള വെള്ളത്തിൽ താഴ്ന്നുപോയ സഹോദരനെ മുങ്ങിയെടുത്തു. കുഞ്ഞിനെ ബക്കറ്റിൽ ഇരുത്തി കരയ്ക്കു കയറ്റി. ഈ സമയം സ്ഥലത്ത് ഇല്ലാതിരുന്ന ഹബീബ് റഹ്മാൻ വിവരം അറിഞ്ഞ് എത്തി മൂത്ത മകനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി. പിന്നീട് ഇരുവരും കരയ്ക്കു കയറാൻ ബുദ്ധിമുട്ടി.

ഇതിനിടെ, വാർഡ് അംഗം മജീദ് പാലയ്ക്കൽ വിവരം അറിയിച്ചതനുസരിച്ചാണ് മഞ്ചേരി അഗ്നിരക്ഷാ സേന എത്തിയത്. സേനാംഗങ്ങൾ ഇരുവരെയും കരയ്ക്ക് കയറ്റി. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുഞ്ഞ്. എടവണ്ണ ജാമിഅഃ നദ്‌വിയ്യ ബിബിഎ വിദ്യാർത്ഥി ആണ് അസ്‌നൈൻ.

Related Articles

Leave a Reply

Back to top button