Kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഹൈടെക്കായി; കൈറ്റിന് നീതി ആയോഗ് അംഗീകാരം

കേരള സര്‍ക്കാരിന്റെ കൈറ്റ് പദ്ധതി രാജ്യാന്തര തലത്തില്‍ പോലും മികച്ച മാതൃകയാണെന്ന് നീതി ആയോഗ്. നവംബര്‍ 17-നു പുറത്തിറക്കിയ മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയില്‍ കൈറ്റിനെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) ഉള്‍പ്പെടുത്തിക്കൊണ്ടാണ് നീതി ആയോഗ് ഇക്കാര്യം വിശദീകരിച്ചത്.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതിക വിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേര്‍ണന്‍സ് എന്നീ മേഖലകളിലെ കൈറ്റിന്റെ ഇടപെടല്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഗസ്റ്റില്‍ യൂണിസെഫും കൈറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള വിശദമായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ഹൈടെക് സ്‌കൂള്‍ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 16,027 സര്‍ക്കാര്‍-എയിഡഡ് സ്‌കൂള്‍ യൂണിറ്റുകളില്‍ 3,74,274 ഉപകരണങ്ങള്‍, 12,678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 1,83,440 അധ്യാപകര്‍ക്ക് പ്രത്യേക ഐടി പരിശീലനം, സമഗ്ര വിഭവ പോര്‍ട്ടല്‍, ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ തുടങ്ങിയ പദ്ധതികള്‍ കൈറ്റ് പൂര്‍ത്തിയാക്കിയിരുന്നു.

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് ‘ഫസ്റ്റ് ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തു വരുന്നത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ 3000 കോടി സംസ്ഥാന ഖജനാവിന് ലാഭിക്കാനായ വാര്‍ത്ത നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഒക്ടോബര്‍ 12-ന് പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Back to top button