Adivaram

താമരശ്ശേരി ചുരത്തിൽ മണ്ണെടുക്കലിനിടെ പാറക്കെട്ടിടിഞ്ഞ് റോഡിലേക്ക് പതിച്ചു

അടിവാരം: : താമരശ്ശേരി ചുരത്തിൽ ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുക്കവേ റോഡരികിലെ പാറക്കെട്ടിടിഞ്ഞ് റോഡിലേക്ക് പതിച്ചു. ചുരത്തിലെ ആറാം ഹെയർപിൻ വളവിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വളവ് വീതികൂട്ടുന്നതിനായി റോഡരികിലെ വനമേഖലയിലെ പാറക്കെട്ടിനോടുചേർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണെടുക്കവേ ഒരു കൂറ്റൻപാറ ഉൾപ്പെടെ ഒട്ടേറെ പാറക്കല്ലുകളും മണ്ണുമെല്ലാം ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഇരുദിശകളിലും വാഹനങ്ങൾ തടഞ്ഞശേഷമായിരുന്നു പ്രവൃത്തി നടത്തിയതെന്നതിനാലും പാറക്കെട്ടിടിഞ്ഞ ഭാഗത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാലുമാണ് വൻദുരന്തം ഒഴിവായത്.

തുടർന്ന് റോഡിലേക്കുവീണ മണ്ണും കല്ലുമെല്ലാം എസ്‌കവേറ്ററുകൾ ഉപയോഗിച്ച് റോഡിന്റെ ഒരു വശത്തേക്കും റോഡരികിലേക്കുമായി നീക്കിവെച്ചു. ആറാംവളവിലെ ഈ ഭാഗിക ഗതാഗത തടസ്സത്തെത്തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരംപാതയിൽ അനുഭവപ്പെട്ടത്. വരിയിൽ കുടുങ്ങിയ വാഹനനിരയുടെ ദൈർഘ്യം ഒന്നാംവളവ് മുതൽ മിനി വ്യൂപോയിന്റ് വരെ നീണ്ടു.

ചുരത്തിൽ പകൽ ഇടയ്ക്കിടെ മഴപെയ്ത ബുധനാഴ്ച, പാറക്കെട്ടിന്റെ ഭാഗത്തുനിന്ന് മണ്ണെടുക്കുന്നതിനിടെയാണ് അടിഭാഗത്തെ മണ്ണ് ഇടിഞ്ഞ് പാറകളും മണ്ണുംകൂടി താഴോട്ടുപതിച്ചത്. അതിനിടെ ഇടിച്ചിലുണ്ടായതിന് മുകൾഭാഗത്തെ കൂറ്റൻ പാറക്കെട്ട് ഇടിഞ്ഞ്‌ താഴോട്ടുപതിക്കുമെന്ന ആശങ്ക ഉയർന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം ഓവർസിയർ പി.ടി. ജസീമിന്റെ നിർദേശപ്രകാരം കരാർകമ്പനിയുടെ തൊഴിലാളികൾ ഇടിഞ്ഞുവീണ മണ്ണും കല്ലുകളും എസ്‌കവേറ്ററുകൾ ഉപയോഗിച്ച് പാറക്കെട്ടിന് താഴെ ഭാഗത്ത് തടയണപോലെ കൂട്ടിവെച്ചു.

കനത്ത മഴപെയ്താൽ പാതയോരത്തിന് മുകൾഭാഗത്തെ പാറ ഇടിയുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ കുറച്ചുസമയത്തേക്ക് ഇരുവശത്തും വാഹനങ്ങൾ പിടിച്ചശേഷം കംപ്രസർ ഉപയോഗിച്ച് പാറപൊട്ടിച്ച് ഒഴിവാക്കാനാണ് തീരുമാനം. വൈകീട്ട് ആറുമണിയോടെയാണ് റോഡ് ഭാഗത്തുനിന്നുള്ള മണ്ണും കല്ലുമെല്ലാം വീണ്ടും അല്പംകൂടി നീക്കി പാതയോരത്തേക്ക് മാറ്റിയത്. അതിനുശേഷം ചെറിയവാഹനങ്ങൾക്ക് രണ്ടുദിശകളിലും സുഗമമായി കടന്നുപോവാനായി.

Related Articles

Leave a Reply

Back to top button