ധവാന്റെ വെടിക്കെട്ടിൽ വീണ് പഞ്ചാബ്, ഡൽഹിക്ക് സീസണിലെ രണ്ടാം ജയം

മുംബൈ: കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച പഞ്ചാബിനെ ആറു വിക്കറ്റിന് തകർത്തത് ഡൽഹി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. ഡൽഹി 10 പന്തുകൾ ബാക്കിനിർത്തി നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഡൽഹി വിജയം അനായാസമാക്കിയത്. മലയാളി താരം സഞ്ജു സാംസണിനു ശേഷം ഐപിഎൽ 14–ാം സീസണിലെ രണ്ടാം സെഞ്ചുറി നേടാനുള്ള സുവർണാവസരം നേരിയ വ്യത്യാസത്തിലാണ് ധവാന് നഷ്ടമായത്. ധവാൻ 49 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 92 റൺസെടുത്തു.
ഓപ്പണിങ് വിക്കറ്റിൽ പൃഥ്വി ഷായ്ക്കൊപ്പം ധവാൻ നൽകിയ മിന്നൽത്തുടക്കവും ഡൽഹിക്ക് കരുത്തായി. വെറും 33 പന്തിൽനിന്ന് 59 റൺസാണ് ധവാൻ – പൃഥ്വി ഷാ സഖ്യം കൂട്ടിച്ചേർത്തത്. തകർത്തടിച്ച് 17 പന്തിൽനിന്ന് മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത ഷായെ അർഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും സ്റ്റീവ് സ്മിത്ത്, ഋഷഭ് പന്ത് എന്നിവർക്കൊപ്പം ഉറച്ച കൂട്ടുകെട്ടുകൾ തീർത്ത് ധവാൻ ഡൽഹിയെ മുന്നോട്ടു നയിച്ചു.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് തകർത്തടിച്ചാണ് തുടങ്ങിയത്. താളം വീണ്ടെടുത്ത മായങ്ക് അഗർവാളും (36 പന്തിൽ 69) കെ.എൽ രാഹുലും (51പന്തിൽ 61) ചേർന്ന് ഒന്നാം വിക്കറ്റിൽ 122റൺസാണ് കുറിച്ചത്. ഒരുഘട്ടത്തിൽ 200ഉം പിന്നിട്ട് കുതിക്കുമെന്ന കരുതിയ പഞ്ചാബിന് പിന്നീട് അതേ വേഗത്തിൽ സ്കോർ ചലിപ്പിക്കാനായില്ല. മൂന്നുമത്സരങ്ങളിൽ നിന്നുമുള്ള ഡൽഹിയുടെ രണ്ടാം വിജയവും പഞ്ചാബിന്റെ രണ്ടാം തോൽവിയുമാണിത്






