കൊടിയത്തൂർ ബാങ്ക് നെല്ല് സംഭരണം ആരംഭിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് തുടക്കമായി. പഞ്ചായത്ത് പരിധിയിലെ മുഴുവൻ കർഷകരിൽനിന്നും റൊക്കം പണം നൽകിയാണ് നെല്ല് സംഭരിക്കുന്നത്.
നെൽക്കൃഷിയിൽ സജീവമായ പരമ്പരാഗത കർഷകർക്കൊപ്പം തന്നെ സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, പ്രവാസികൾ, ക്ലബ്ബുകൾ എന്നിവർക്കുപുറമേ വാട്‌സാപ്പ് കൂട്ടായ്മകളും കൊടിയത്തൂർ പഞ്ചായത്തിൽ പല വയലുകളിലായി ഏക്കർകണക്കിന് സ്ഥലത്ത് കൃഷി ഇറക്കിയിരുന്നു.
സർക്കാരിന്റെയും ബാങ്കിന്റെയും കൃഷി പ്രോത്സാഹന പദ്ധതികളിൽ ആകൃഷ്ടരായി കൃഷിയിറക്കിയ ഇവർ ഉത്‌പാദിപ്പിച്ച നെല്ല് ബാങ്ക് നേരിട്ട് വാങ്ങിയാണ് കർഷകരെ പ്രോത്സാഹിപ്പിക്കുന്നത്. നെല്ല് സപ്ലൈകോയ്ക്കാണ് വിൽക്കുക.
സപ്ലൈകോയിൽനിന്ന് ബാങ്കിന് നെല്ലിന്റെ വില പിന്നീടേ ലഭിക്കൂ. രണ്ടുദിവസങ്ങളിലായി നടക്കുന്ന സംഭരണത്തിന്റെ ഉദ്ഘാടനം ചെറുവാടിയിൽ കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ്് വി. വസീഫ് അധ്യക്ഷനായി. വൈസ് പ്രസിഡൻറ്് സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർമാരായ നാസർ കൊളായി, എ.സി. നിസാർ ബാബു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, പുഞ്ചവയൽ പാടശേഖരസമിതി സെക്രട്ടറി കെ.സി. മമ്മദ്കുട്ടി എന്നിവർ പങ്കെടുത്തു.







