കോടഞ്ചേരി കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും,കർഷക സഭയും, സംഘടിപ്പിക്കുന്നു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ബസ്സ്റ്റാൻഡ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിക്കും.
കോടഞ്ചേരിയിലെ യുവ കർഷകർഷകർ ജൈവരീതിയിൽ ഉത്പാദിപ്പിച്ച രക്തശാലി നെല്ല്, നവര നെല്ല്, ഔഷധി കൂൺ, സുഭിക്ഷ കേരളം പദ്ധതിയിൽ ഉത്പാദിപ്പിച്ച മത്സ്യങ്ങൾ എന്നിവയുടെ വിൽപന, സുഭിക്ഷ കേരളം പ്രകാരം പദ്ധതിയിൽ മത്സ്യക്കൃഷിക്ക് സബ്സിഡിക്കുള്ള അപേക്ഷ ഹെൽപ് ഡെസ്ക്, ഓണത്തിന് ഒരു മുറം പച്ചക്കറിപ്രകാരം സൗജന്യ പച്ചക്കറി കിറ്റ് വിതരണം എന്നിവ ഉണ്ടായിരിക്കും.
കർഷകരുടെ നാടൻ ഉത്പന്നങ്ങളായ നാടൻ തേൻ, തേനീച്ചപ്പെട്ടി, പച്ചമാങ്ങ എന്നിവ മിതമായ നിരക്കിൽ വിൽപ്പന നടത്തും. വിപണിയിൽ 250 രൂപ വിലവരുന്ന ഊദ് തൈ 80 രൂപയ്ക്കും വിൽക്കും.
തിരുവമ്പാടി കൃഷി അഗ്രോ സർവീസ് സെന്റർ സ്റ്റാളിൽ ജൈവ കീടനാശിനികൾ, ജൈവ വളക്കൂട്ട്, ജൈവ വളർച്ചാകൂട്ട്, ഗ്രോബാഗിൽ പാകിയ കുറ്റ്യാടി തെങ്ങിൻ തൈ, കാസർഗോഡൻ മോഹിത് നഗർ, ഇന്റർസെമംഗള, രത്നഗിരി തുടങ്ങിയ കമുകിൻ തൈകൾ, റംബൂട്ടാൻ, പ്ലാവ്, മാവ് തുടങ്ങിയ ബഡ് തൈകളും വില്പനയ്ക്ക് ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൈകൾ വാങ്ങാവുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ എന്നിവർ അറിയിച്ചു







