Thiruvambady

‘ഡിസ്ട്രിക്ട്‌ ഗ്രീൻ ചാമ്പ്യൻ’ പുരസ്കാരം തിരുവമ്പാടി അൽഫോൻസാ കോളേജിന്

തിരുവമ്പാടി: കേന്ദ്ര ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എജ്യുക്കേഷന്റെ 2020-21 ലെ ‘ഡിസ്ട്രിക്ട്‌ ഗ്രീൻ ചാമ്പ്യൻ’ പുരസ്കാരം തിരുവമ്പാടി അൽഫോൻസാ കോളേജിന് ലഭിച്ചു. അഖിലേന്ത്യാതല സ്വച്ഛത ആക്ടിവിറ്റീസ് കോവിഡ്-19 പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനമികവാണ് ജില്ലയിലെ മികച്ച കോളേജിനുള്ള പുരസ്കാരം ലഭിച്ചത്. കാഷ്‌പ്രൈസ്, അംഗീകാര സർട്ടിഫിക്കറ്റ് എന്നിവയടങ്ങുന്നതാണ് പുരസ്കാരം.

കോവിഡ് ചികിത്സാ ആശുപത്രികൾ, ബെഡ്ഡുകളുടെ ലഭ്യത, ആംബുലൻസ് ലഭ്യത, വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ, സാമൂഹിക അടുക്കള, മരുന്ന് തുടങ്ങിയവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ നൽകുക എന്നതായിരുന്നു പ്രധാന പ്രവർത്തനമേഖലകൾ. കോവിഡ് മൂലം ഒറ്റപ്പെട്ടു പോകുന്നവർക്ക് സഹായമെത്തിക്കുകയും ഹെൽപ്പ് ലൈൻ നമ്പറുകൾ ജനങ്ങൾക്ക് ലഭ്യമാക്കുകയും മാനസികാരോഗ്യ പിന്തുണയും കൗൺസലിങ്ങും ഒരുക്കി മികച്ചപ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തതിനാണ് അംഗീകാരം.

അധ്യാപകരായ അഞ്ജലി എബ്രഹാം, ദീപേഷ്, ആൻ മരിയ, ഡിയോൺ ബബ്ലൂ, വിദ്യാർഥിപ്രതിനിധികളായ സിദ്ധാർഥ്‌, ഹൈദർഷാൻ, നിബിൻ ജോസ്, സാംസൺ, അർജുൻ ജെയിൻ, രമ്യ സി. അലക്‌സ്, മുഹമ്മദ് ഫാസിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

കോവിഡിനെതിരേ കോളേജിലെ വിദ്യാർഥികളുടെയും അധ്യാപകരുടേയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരവും കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള തെളിവുമാണ് ‘വൺ ഡിസ്ട്രിക്ട് വൺ ഗ്രീൻ ചാമ്പ്യൻ പുരസ്കാരം’ എന്ന് മാനേജർ ഫാ. സ്കറിയ മങ്ങരയിലും പ്രിൻസിപ്പൽ ഡോ. ചാക്കോ കാളംപറമ്പിലും അറിയിച്ചു.

26-ന് ഉച്ചയ്ക്ക് 1.40 ന് നടക്കുന്ന ചടങ്ങിൽ കളക്ടർ നരസിംഹുഗരി ടി.എൽ.റെഡ്ഡി അവാർഡ് സമ്മാനിക്കും

Related Articles

Leave a Reply

Back to top button