പച്ചത്തുരുത്ത് നിർമ്മിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘നല്ല പാഠം’ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചത്തുരുത്ത് നിർമ്മാണം ആരംഭിച്ചു. പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ക്ലാസ്സുകൾ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ക്യാമ്പുകൾ, സ്റ്റഡി ക്ലാസ്സുകൾ, സിമ്പോസിയങ്ങൾ, സ്കൗട്ട് ആൻഡ് ഗൈഡ് പഠന ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് മുളന്തുരുത്തു ക്രമീകരിച്ചിരിക്കുന്നത്.
നല്ല പാഠം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി തുടങ്ങി സ്കൂളിലെ വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായ കുട്ടികൾക്കാണ് പച്ചത്തുരുത്ത് സംരക്ഷണ ചുമതല. പച്ച, മഞ്ഞ നിറങ്ങളിലുള്ള കല്ലൻ മുള വിഭാഗത്തിൽപ്പെട്ട മുളകളാണ് ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചത്. സ്കൂൾ കോമ്പൗണ്ടിന് സമീപം ഇരുവഞ്ഞിപ്പുഴയോട് ചേർന്നുള്ള സ്ഥലത്താണ് തുരുത്ത് ഒരുങ്ങുന്നത്. പുല്ലൂരാംപാറ നെഹ്റു പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചാണ് തുരുത്ത് നിർമ്മാണം നടത്തുന്നത്.
സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് അജു എമ്മാനുവേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ, നെഹ്റു പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി ജെ സണ്ണി, സെക്രട്ടറി ടി ടി തോമസ്, ഷിനോജ് സി ജെ, സിസ്റ്റർ ഷാന്റി സെബാസ്റ്റ്യൻ, ഡോണ ട്രീസ തുടങ്ങിയവർ പ്രസംഗിച്ചു.







