മുത്തപ്പൻപുഴ പ്രദേശം വാസയോഗ്യമല്ലെന്ന് റിപ്പോർട്ട്: പ്രതിഷേധവുമായി നാട്ടുകാർ

തിരുവമ്പാടി: മുത്തപ്പൻപുഴ പദേശം വാസയോഗ്യമല്ല എന്ന റിപ്പോർട്ട് നൽകിയ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് ഡീസ് (എൻ.സി.ഇ.എസ്.എസ്) നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ വർഷം കിളരിക്കലിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള 9 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനു മുത്തപ്പൻപുഴ കെ.ടി.സി പടി – തേൻപാറ റോഡരികിൽ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഈ സ്ഥലം വാസയോഗ്യമല്ല എന്നു കാട്ടി സിപിഎം നേതൃത്വത്തിൽ വില്ലേജ് – തഹസിൽദാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് സ്ഥലത്തെ കുറിച്ച് ജിയോളജി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം വന്നു. മുത്തപ്പൻപുഴ പ്രദേശം വാസയോഗ്യമല്ല എന്ന് സൂചിപ്പിച്ചുള്ള എൻ.സി.ഇ.എസ്.എസ് റിപ്പോർട്ട് വകുപ്പിന് നൽകാൻ തഹസിൽദാർ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് എൻ.സി.ഇ.എസ്.എസ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.
ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത സൂചിപ്പിക്കാതെ പ്രദേശം മുഴുവൻ വാസയോഗ്യമല്ല എന്ന് കണ്ടെത്തലാണ് ആശങ്ക ഉളവാക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് അധികൃതർ സ്ഥലം സന്ദർശിക്കുകയോ നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞെഞ്ഞെടുപ്പിനു മുൻപായി രാഷ്ട്രീയ വിവാദം ഉണ്ടാക്കുവാനാണ് സിപിഎം സ്ഥലത്തിന് എതിരെ പരാതിയുമായി പോയതെന്ന് മുൻ പഞ്ചായത്ത് അംഗം ടോമി കൊന്നക്കൽ ചൂണ്ടിക്കാട്ടി.







