കൂടരഞ്ഞി സ്വദേശിയായ മൂന്നാം ക്ലാസുകാരൻ നായകനായ ഹ്രസ്വചിത്രം “ഏകൻ” ദേശീയ പുരസ്കാരം നേടി

കൂടരഞ്ഞി: കൂടരഞ്ഞി സ്വദേശിയായ മൂന്നാം ക്ലാസുകാരൻ നായകനായി ഹ്രസ്വചിത്രം “ഏകൻ” ദേശീയ പുരസ്കാരത്തിളക്കത്തിൽ.
മുക്കം പള്ളോട്ടി ഹിൽസ് പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും കൂടരഞ്ഞി കാരാട്ടുപാറ സ്വദേശി അരുൺ സോമനാഥന്റെ മകനുമായ ദയാൻ കെ.അരുണാണ് ഏകനി’ലെ നായകൻ.
ലിവിങ് ടുഗതർ നയിക്കുന്ന ദമ്പതികളുടെ മകൻ അനുഭവിക്കുന്ന ഏകാന്തതയും ആകുലതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഭാരത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച കഥയ്ക്കും, ബാലതാരത്തിനും, സംഭാഷണത്തിനും, തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങളാണ് ഏകനു ലഭിച്ചത്. ഇന്ത്യ സിനി ഫിലിം ഫെസ്റ്റിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിനോട് അനുബന്ധിച്ചു നടത്തിയ ഹ്രസ്വചിത്ര മത്സരത്തിന്റെ ഫലം വരാനുണ്ട്.
ഇവയ്ക്കു പുറമേ ഫിൽമിസീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള അനേകം മേളകളിലേക്കും ഏകൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിലൻ ഗ്രൂപ്പ് ഓഫ് കമ്പനി നിർമിച്ച ഏകൻ വെറ്റിലപ്പാറ സ്വദേശി ആൽഫീ ജോസാണ് സംവിധാനം ചെയ്യ്തത്.







