എസ്.എം.എ ധനസമാഹരണത്തിൽ പങ്കാളികളായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ; ഒന്നേകാൽ ലക്ഷം രൂപ കൈമാറി

തിരുവമ്പാടി: എസ്.എം.എ ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നടക്കുന്ന ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,000 രൂപ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് എം.എൽ.എ സി.കെ. കാസിമിന് കൈമാറി.
വിദ്യാർത്ഥികൾ തങ്ങളുടെ കൊച്ചുകൊച്ചു സമ്പാദ്യങ്ങളും കാശുകുടുക്കകളിലെ നിക്ഷേപവും സഞ്ചയിക സമ്പാദ്യ പദ്ധതിയിലെ തുകയും സ്വമേധയാ സംഭാവന ചെയ്താണ് ധനസമാഹരണത്തിൽ പങ്കാളികളായത്. കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വലിയ മാതൃകയാണ് കുട്ടികൾ ഇതിലൂടെ കാഴ്ചവെച്ചത്.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട്, പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എസ്.എം.എ ധനസമാഹരണ കമ്മിറ്റി അംഗങ്ങളായ ബോസ് ഫ്രാൻസിസ്, ജിജി രാജീവ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.







