വൈറ്റ് വാട്ടർ കയാക്കിംഗിൽ കേരളത്തിന് ആദ്യമായി ദേശീയ പുരസ്കാരം; നേടിയെടുത്തത് കോടഞ്ചേരി സ്വദേശികൾ

കോടഞ്ചേരി: ഭോപ്പാലിൽ നർമ്മദ നദിയിൽ നടന്ന ഒമ്പതാമത് ദേശീയ കാനോയിംഗ് സ്ലാലം ചാമ്പ്യൻഷിപ്പിൽ, കെ വൺ സീനിയർ ടീം മത്സരത്തിൽ, കോടഞ്ചേരി സ്വദേശികളായ പുലയംപറമ്പിൽ നിസ്തുൽ ജോസ്, വടക്കുപുറത്ത് സഹോദരങ്ങളായ നിഖിൽ ദാസ്, നിധിൻ ദാസ് എന്നിവരടങ്ങിയ കേരള ടീം വെങ്കല മെഡൽ ജേതാക്കളായി.
ഇരവഞ്ഞിപ്പുഴയിലെയും, ചാലിപ്പുഴയിലെയും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തിൽ കഠിന പ്രയത്നം കൊണ്ടു മാത്രമാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെയും, തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമിയുടേയും പിന്തുണയും, സിബി മാത്യുവിന്റെ മികച്ച പരിശീലന മികവിലുമാണ് വിജയം കൈവരിച്ചത്.
മലയോര മേഖലയിൽ നിന്നും വീണ്ടും കായിക താരങ്ങൾ ദേശീയ നിലവാരത്തിലേക്ക് എത്തുമ്പോൾ മലയോര ജനതയ്ക്കും, സ്പോർട്സ് അക്കാദമികൾക്കും വലിയ സന്തോഷവും, പ്രചോദനമാണ് നൽകുന്നത്. തിരിച്ചെത്തുന്ന താരങ്ങൾക്ക് വലിയ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാരും, സംഘടനകളും.







