Mukkam

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ബിർജുവുമായി ബന്ധം; ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച്

മണാശ്ശേരി: ∙ രണ്ടര വർഷം മുൻപു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച ക്രൈംബ്രാഞ്ച് ജില്ലയിലെ സമാനമായ മറ്റൊരു കേസിൽ കൂടി അന്വേഷണം ഊർജിതമാക്കുന്നു

രണ്ടര വർഷം മുൻപ് പറമ്പിൽ ബസാറിനു സമീപം പോലൂരിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസിൽ മൃതദേഹം പുറത്തെടുത്തു പരിശോധന നടത്താൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. മണാശേരി ഇരട്ടക്കൊലപാതകം തെളിയിച്ച ഡിവൈഎസ്പി എം.ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഈ കേസിന്റെയും അന്വേഷണച്ചുമതല.

2017 സെപ്റ്റംബറിലാണ് പോലൂർ പയിമ്പ്ര റോഡിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹം ആരുടേതാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹത്തിന്റെ വിരലടയാളം ശേഖരിച്ചെങ്കിലും ആളെ തിരിച്ചറിയാനായില്ല.

2018ൽ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. മൃതദേഹം പുറത്തെടുത്ത് തലയോട്ടി ഉപയോഗിച്ച് ഫേഷ്യൽ റീ കൺസ്ട്രക്‌ഷന്റെ സഹായത്തോടെ മൃതദേഹത്തിന്റെ മുഖം പുനഃസൃഷ്ടിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. സംസ്ഥാന ഫിംഗർപ്രിന്റ് ബ്യൂറോയുടെ ഡേറ്റാബേസ് ഉപയോഗിച്ച് വിരലടയാളത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും.

രണ്ടര വർഷം മുൻപു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ മലപ്പുറം സ്വദേശി ഇസ്മായിലിന്റേതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയതു വിരലടയാള പരിശോധനയിലൂടെയായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണമാണ് മണാശ്ശേരി ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പ്രതി ബിർജുവും ഇസ്മായിലും ചേർന്നു ബിർജുവിന്റെ അമ്മയെ 2016 ൽ കൊലപ്പെടുത്തിയെന്നും ഒരു വർഷത്തിനു ശേഷം തെളിവുനശിപ്പിക്കാനായി ബിർജു ഇസ്മായിലിനെ കൊലപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ബിർജുവുമായി ബന്ധം

2017 ൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം നേരത്തേ മണാശ്ശേരി കൊലക്കേസ് പ്രതി പി.വി.ബിർജുവിന്റെ അമ്മ ജയവല്ലിയുടെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു. ജയവല്ലിക്ക് കുടുംബസ്വത്തായി ലഭിച്ച സ്ഥലം 25 വർഷം മുൻപാണ് മറ്റൊരാൾക്കു വിറ്റത്. മണാശ്ശേരി കൊലക്കേസിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഈ വസ്തുത അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഈ സംഭവത്തെക്കുറിച്ച് ബിർജുവിന് എന്തെങ്കിലും അറിവുണ്ടോയെന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button