സജ്നയുടെ കരംപിടിക്കാൻ ഇനി നൗഷാദ്

തിരുവമ്പാടി : കാഴ്ചയില്ലാത്ത ലോകത്ത് കരുതലിന്റെ വെളിച്ചമായി ഗായിക സജ്നയുടെ കൈപിടിക്കാൻ ഇനി നൗഷാദ് കൂട്ട്. റിയാലിറ്റി ഷോകളിലും പൊതുവേദികളിലും തന്റെ സ്വരമാധുര്യംകൊണ്ട് ജനഹൃദയങ്ങളെ കൈയിലെടുത്ത തിരുവമ്പാടിയിലെ ഗായിക സജ്നയെ ഭഗവതികാവുങ്കൽ വെന്നിയൂർ കൊടക്കല്ല് സ്വദേശിയായ നൗഷാദ് മണവാട്ടിയാക്കി.
കാഴ്ചപരിമിതരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് ആണ് വിവാഹത്തിന് മുൻകൈയെടുത്തത്. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
ഭാഗികമായ കാഴ്ച പരിമിതിയുളള നൗഷാദ് പുളിക്കൽ ജിസ്ബിൽ തൊഴിൽ പരിശീലനം നടത്തുകയാണ്. കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സംഗീത അധ്യാപികയാണ് സജ്ന. പത്താം ക്ലാസ് വരെ വേളംകോട് സെയ്ന്റ് ജോർജ് ഹൈസ്കൂളിൽ ആണ് പഠിച്ചത്. പിന്നീട് കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിൽ പ്ലസ് ടു പഠനം. ശേഷം ചിറ്റൂർ ഗവ. കോളേജിൽ സംഗീതപഠനം. ചെറുപ്പം മുതലേ സംഗീതത്തോടായിരുന്നു താത്പര്യം.
ആദ്യ ഗുരു മാവൂർ കിട്ടപ്പ ഭാഗവതർ. ഗായകൻ ഉമ്മത്തൂർ മുഹമ്മദ്, മാതൃവിദ്യാലയത്തിലെ സംഗീത അധ്യാപികയായിരുന്ന ലിസി റോക്കി എന്നിവർ ഏറെ പ്രോൽസാഹിപ്പിച്ചിച്ചിരുന്നതായ സജ്ന പറയുന്നു. അഞ്ച് വർഷം മലപ്പുറം മങ്കടയ്ക്കടുത്ത് വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിൽ സംഗീത അധ്യാപികയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ സ്കൂൾ, യൂണിവേഴ്സിറ്റി, എ സോൺ, ഇന്റർ സോൺ കലോത്സവങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ആകാശവാണിയിൽ ലളിതഗാന വിഭാഗത്തിൽ ബി ഗ്രേഡ് ആർട്ടിസ്റ്റ് ആണ്.
കമുകറ ഫൗണ്ടേഷൻ അവാർഡ്, സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റി അവാർഡ്, മുട്ടത്ത് ഇബ്രാഹിം സ്മാരക സ്വർണ മെഡൽ തുടങ്ങിയ അംഗീകാരങ്ങൾ സജ്നയെ തേടിയെത്തിയിട്ടുണ്ട്. കല്ലാരംകെട്ടിൽ കുഞ്ഞിമൊയ്ദീന്റെയും ഖദീജയുടെയും മൂന്ന് മക്കളിൽ ഇളയവളാണ് സജ്ന. അസബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് വനിതാവിങ് സംസ്ഥാന സെക്രട്ടറിയും കാഴ്ചപരിമിതരുടെ വർത്തമാന കൂട്ടായ്മയുടെ ചെയർപേഴ്സണും കൂടിയാണ്.







