സന്തോഷ് ട്രോഫി വിജയം : മൂന്നുപേരെ സംഭാവനചെയ്ത സെപ്റ്റിന് അഭിമാനിക്കാനേറെ

തിരുവമ്പാടി: 75-ാമത് സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിട്ടതിന്റെ ആഹ്ലാദാരവങ്ങൾ തുടരുമ്പോൾ സ്പോർട്‌സ് ആൻഡ് എജ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിനും (സെപ്റ്റ്) അഭിമാനിക്കാനേറെ. 20 കേരള താരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച മൂന്നുപേർ അഞ്ചുംആറും വർഷം സെപ്റ്റ് ഫുട്‌ബോൾ നഴ്‌സറിയിൽ പരിശീലനം ലഭിച്ചവരാണ്.
ടൂർണമെന്റിലെ ടോപ് സ്കോററും കേരള ആക്രമണനിരയുടെ കുന്തമുനയുമായിരുന്ന ടി.കെ. ജെസിൻ നിലമ്പൂർ യുണൈറ്റഡ് ക്ലബ്ബിന്റെ കീഴിൽ അനുവദിച്ച സെപ്റ്റ് സെന്ററിലാണ് 2000 മുതൽ 2005 വരെ പരിശീലനം നേടിയത്. കോച്ച് എം. കമാലുദ്ദീന്റെ ശിക്ഷണത്തിലാണ് കാൽപ്പന്തുകളിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്.
കേരള ടീമിന്റെ മധ്യനിരയിലെ മിന്നൽപ്പിണരായ സമനിലനേടിയ ഗോളിന് വഴിയൊരുക്കിയ, മനോഹര ക്രോസ് നൽകിയ പി.എൻ. നൗഫൽ തിരുവമ്പാടി കോസ്മോസ് ക്ലബ്ബിന് അനുവദിച്ച സെപ്റ്റ് സെന്ററിൽ ആറുകൊല്ലം കോച്ച് കെ.എഫ്. ഫ്രാൻസിസിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. സന്തോഷ് ട്രോഫിയിൽ ശ്രദ്ധേയ മുന്നേറ്റങ്ങൾ നടത്തിയ പി.ടി. മുഹമ്മദ് ബാസിത് ബേപ്പൂർ റോയൽ സ്പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സെപ്റ്റ് സെന്ററിലൂടെ കളി പഠിച്ച താരമാണ്. പി. അബ്ദുൽ സലീം കോ-ഓർഡിനേറ്ററും സുനിൽ കുമാർ, സാലു എന്നിവർ പരിശീലകരുമായ സെപ്റ്റ് വേദിയാണ് 2002 ബാച്ചിൽ നാലുവർഷത്തെ ബാസിത്തിന്റെ പരിശീലനക്കളരി.
കേരളബ്ലാസ്റ്റേഴ്‌സിന്റെ കെ.പി. രാഹുൽ, ഗോകുലം എഫ്.സി.യുടെ എമിൽ ബെന്നി, അജിൻ ടോം, അലക്സ് സജി, അനുരാഗ്, ബാംഗ്ലൂർ എഫ്. സി.യുടെ ലിയോൺ അഗസ്റ്റിൻ, മുഹമ്മദ് ഇനായത്ത്, മുന്ന റോഷൻ, ഷാരോൺ, കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ ഗോൾ കീപ്പർ സച്ചിൻ സുരേഷ്, റോഷൻ ജിജി, എഫ്.സി. ഗോവയുടെ നെമിൽ, സേസ ഗോവയുടെ സന്ദീപ്, ടാറ്റാ ഫുട്‌ബോൾ അക്കാദമിയിലെ ആസിൽ, ജൂനിയർ ഇന്ത്യക്കുവേണ്ടി കളിച്ച ഹനാൻ ജാവേദ്, അനീസ്, ലാസിം അലി, അണ്ടർ 16 ഇന്ത്യയ്ക്കുവേണ്ടി നേപ്പാളിലും ശ്രീലങ്കയിലും കളിച്ച അപർണ റോയി എന്നിവരെല്ലാം സെപ്റ്റിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽനിന്ന് ഉയർന്നുവന്ന താരങ്ങളാണ്. ഇപ്പോൾ ഗോകുലം എഫ്.സി.യുടെ ഇൻബാക്ക് സ്ഥാനത്ത് തിളങ്ങിനിൽക്കുന്ന മുഹമ്മദ് ഉവൈസും നിലമ്പൂർ സെപ്റ്റിന്റെ സംഭാവനയാണ്.







