Kerala

കൊറോണ വൈറസ്; ശ്രദ്ധിക്കൂ.. പ്രാരംഭലക്ഷണങ്ങള്‍ ഇവയാണ്

തൃശ്ശൂര്‍: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും സ്വയം ചികിത്സിക്കാന്‍ നില്‍ക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പനി, ജലദോഷം,ചുമ,തൊണ്ടവേദന,ശ്വാസതടസ്സം,ശ്വാസംമുട്ട് എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍. ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടണം. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഓരോ ജില്ലയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസൊലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍

– വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.
– ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്.
– പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
– തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിങ് ലായനി(1 ലീറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിങ് പൗഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.
– ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല/ തോര്‍ത്ത്/ തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്.
– പൊതുസ്ഥലത്ത് തുപ്പാതിരിക്കുക
– സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.
– വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.
– നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

Related Articles

Leave a Reply

Back to top button