ടെലിഫോൺ എക്സ്ചേഞ്ച് ലേക്ക് പ്രതിഷേധമാർച്ച് നടത്തി.

തിരുവമ്പാടി: രാഹുൽ ഗാന്ധിയെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടെലിഫോൺ എക്സ്ചേഞ്ച് മാർച്ച് നടത്തി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായും, ഇന്ത്യൻ നാഷണൽ കോൺഗ്രസും ആയും വളരെയേറെ വൈകാരിക ബന്ധമുള്ള ഒരു ദേശീയ ദിനപത്രമായിരുന്നു നാഷണൽ ഹെറാൾഡ്. 1937 ൽ ജവഹർലാൽ നെഹ്‌റു മുൻകൈ എടുത്ത് സ്ഥാപിച്ച അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് എന്ന കമ്പനി 1938 ൽ ആരംഭിച്ച നാഷണൽ ഹെറാൾഡ് ദിനപത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വളരെ ശക്തമായ ഊർജം നൽകിയ ഒരു ദിന പത്രം ആയിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം 2008 ൽ പ്രവർത്തനം നിലച്ച നാഷണൽ ഹെറാൾഡ്, സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, മറ്റും ഡയറക്ടർമാരായതും, ലാഭേഛ ഇല്ലാതെ പ്രവർത്തിക്കുന്നതുമായ യെങ് ഇന്ത്യ കമ്പനി ഏറ്റെടുത്തത്തിൽ അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി 2012 ൽ പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ട് 2015 ൽ അന്വേഷണ ഏജൻസി അവസാനിപ്പിച്ച കേസ് ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ട് കേന്ദ്ര സർക്കാർ വീണ്ടും കുത്തി പൊക്കിയിരിക്കുകയാണ്.
സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുക എന്ന ഗൂഡ ലക്ഷ്യത്തോടെ കേന്ദ്ര അന്വേഷണ ഏജൻസി ആയ ഇ.ഡി യെ ഉപയോഗിച്ച് ഇപ്പോൾ നടത്തുന്ന നിരന്തരം ചോദ്യം ചെയ്യൽ എന്ന വേട്ടയാടലിൽ പ്രതിഷേധിച്ച് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടെലിഫോൺ എക്സ്ചേഞ്ച് മാർച്ച് നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം പൗലോസ്, മണ്ഡലം പ്രസിഡന്റ്മാരായ മുഹമ്മദ് വട്ടപറമ്പിൽ, സണ്ണി കാപ്പാട്ടുമല, സന്തോഷ് കുര്യൻ മാളിയേക്കൽ, ന്യുനപക്ഷ സെൽ ചെയർമാൻ സേവ്യർ കുന്നത്തേട്ട്, ടി.ജെ കുര്യാച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോയ് കുന്നപ്പള്ളി, ബിജു എണ്ണാറുമണ്ണിൽ, ജോബി ജോസ്, ജോബി ഇലന്തൂർ, ബിന്ദു ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു.







