ലഹരി ഉപയോഗിക്കുന്നവര്‍ക്ക് മഹല്ല് ബഹിഷ്കരണം ഏര്‍പ്പെടുത്താന്‍ പുതുപ്പാടി അടിവാരം കേന്ദ്രീകരിച്ച് മഹല്ല് കൂട്ടായ്മ

അടിവാരം: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനും തടയിടാന്‍ മഹല്ല് ബഹിഷ്കരണം ഉള്‍പ്പെടെയുള്ള നടപടികളുമായി പുതുപ്പാടി അടിവാരം കേന്ദ്രീകരിച്ച് മഹല്ല് കൂട്ടായ്മ നിലവില്‍ വന്നു. അടിവാരം, നൂറാംതോട്, വള്ളിയാട് പ്രദേശങ്ങളിലെയും 15 മഹല്ലുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വിവിധ തലങ്ങളിലെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരി വിരുദ്ധ മഹല്ല് കൂട്ടായ്മക്ക് രൂപം നല്‍കിയത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അപകടങ്ങളെ കുറച്ച് ബോധവല്കരണം നടത്തുന്നതിനും മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും യോഗം തീരുമാനിച്ചു. വീടുകള്‍ കേന്ദ്രീകരിച്ച് മഹല്ലിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോധവല്ക്രണം നടത്തും. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. ഉപയോഗം തുടര്‍ന്നാല്‍ മഹല്ല് ബഹിഷ്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഇവരുമായി വ്യക്തിപരമായ അകലം പാലിക്കാനും മഹല്ലുകളില്‍ നടക്കുന്ന സാമൂഹിക പരിപാടികളില്‍ നിന്ന് അകറ്റി നിര്‍ത്താനും ഇത്തരം ആളുകളുടെ വീടുകളില്‍ നടക്കുന്ന വിവാഹം പോലോത്ത പരിപാടികളില്‍ പങ്കെടുക്കരുതെന്നും ഔദ്യോഗിക നിര്‍ദേശം നല്‍കും.
അടുത്ത വെള്ളിയാഴ്ച എല്ലാ പള്ളികളിലും ഇതു സംബന്ധിച്ച തീരുമാനം വായിച്ചു കേള്‍പ്പിക്കാനും യോഗം തീരുമാനിച്ചു. മജീദ് ഹാജി കണലാട് ചെയര്‍മാനും മുഹമ്മദ് ഹാജി എരഞ്ഞോണ കണ്‍വീനറും ആയി കമ്മിറ്റി രൂപീകരിച്ചു. അസ്ലം സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. ഉവൈസ് വാഫി അധ്യക്ഷത വഹിച്ചു.







