പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ കക്കാട് മാതൃക: എം.എൽ.എ ലിന്റോ ജോസഫ്

മുക്കം: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ കക്കാടിലെ ജനത മറ്റുള്ളവർക്ക് മാതൃകയാണെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. കക്കാട് ഗവ. എൽ.പി സ്കൂളിലെ നിലവിലുള്ള കെട്ടിടത്തിൽ പുതുതായി നിർമിച്ച ക്ലാസ് റൂമിന്റെയും ബാത്ത് റൂമിന്റെയും ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ജോർജ് എം തോമസ് എം.എൽ.എയുടെ 2020-21 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ ക്ലാസ് റൂം നിർമിച്ചത്.
സ്കൂളിനായി വാങ്ങിയ 22 സെന്റ് ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാനിരിക്കുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി കൂടി ലഭിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും എം.എൽ.എ വ്യക്തമാക്കി. ലോകോത്തര മാതൃകയിൽ രണ്ടര കോടിയോളം രൂപ ചെലവഴിച്ച് പണിയുന്ന അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് ഇതിനകം ഒരു കോടി മുപ്പത്തി നാല് ലക്ഷം രൂപ അനുവദിച്ചതായും എം.എൽ.എ അറിയിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന, മുക്കം എ.ഇ.ഒ പി ഓംകാരനാഥൻ, കുന്ദമംഗലം ബി.പി.സി പി.കെ മനോജ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം തുടങ്ങിയവർ സംസാരിച്ചു.







