കുട്ടികൾക്ക് അപൂർവ ദൃശ്യവിരുന്നൊരുക്കി വേനപ്പാറ യു.പി സ്കൂളിലെ ഏറുമാട കാഴ്ചകൾ

കോടഞ്ചേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിൽ കുട്ടികൾക്ക് അപൂർവ ദൃശ്യവിരുന്നൊരുക്കി മഞ്ചാടി മരത്തിന്റെ മുകളിൽ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച ഏറുമാടം. ദൃശ്യവിരുന്ന് ഒരുക്കുന്നതിനൊപ്പം കുടിയേറ്റ കാലഘട്ടത്തിലെ കൃഷിയുടെ ചരിത്രം കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്നതിനു കൂടിയാണ് ഏറുമാട നിർമിതിയിലൂടെ സ്കൂൾ ലക്ഷ്യമിട്ടത്.
വിദ്യാലയ പരിസരം ഹരിതാഭമാക്കുന്നതിനും കുട്ടികൾക്ക് നൂതന കൃഷി പാഠം പകർന്നു നൽകുന്നതിനുമായി സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും തുടങ്ങി വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. നൂറോളം വ്യത്യസ്ത മുളങ്കൂട്ടങ്ങളും ഔഷധോദ്യാനവും മീൻ കുളവും ഇവിടെ പരിപാലിക്കപ്പെടുന്നു. ഏറുമാടത്തിന്റെ നിർമാണത്തിന് പൂർവ വിദ്യാർഥിയായ ഗിരീഷ് ചായ്പ്പിൽ, അധ്യാപകനായ ബിജു മാത്യു, പി.ടി.എ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ്, പ്രധാനാധ്യാപകൻ ജയിംസ് ജോഷി എന്നിവർ നേതൃത്വം നൽകി.







