നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം; ലോഗോ പുറത്തിറക്കി

മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീളുന്ന നൂറാം വാർഷിക ആഘോഷം ‘നീലാരവം’ ലോഗോ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പ്രകാശനം ചെയ്തു. 2023 മെയ് മുതൽ 2024 മെയ് വരെ നൂറ് വേറിട്ട പരിപാടികളോടെയാണ് ശതാബ്ദി ആഘോഷങ്ങൾ നടക്കുക. വിളംബര ജാഥകൾ, പൂർവ വിദ്യാർഥി സംഗമം, പൂർവാധ്യാപക-ജീവനക്കാരുടെ സംഗമം, എക്സിബിഷൻ, മെഡിക്കൽ ക്യാമ്പ്, നീലേശ്വരം കാർണിവൽ, സഹപാഠിക്കൊരു വീട്, ഇരുവഴഞ്ഞി പുഴ സംരക്ഷണം, സ്കൂളിലെ 25 ക്ലബുകൾ ഏറ്റെടുത്ത് നടത്തുന്ന പ്രത്യേക പരിപാടികൾ തുടങ്ങി ഒരു വർഷത്തെ വ്യത്യസ്ത പരിപാടികളാണ് ആസുത്രണം ചെയ്യുന്നത്.
സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വികസന പ്രവർത്തനങ്ങളും ഇക്കാലയളവിൽ നടത്തും. സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ മുഴുവൻ പൂർവ വിദ്യാർഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് ശതാബ്ദി സമാനതകളില്ലാത്ത ആഘോഷമാക്കി മാറ്റാനുള്ള മുന്നൊരുക്കത്തിലാണ് സംഘാടക സമിതി. സംഘാടക സമിതി ചെയർമാൻ കൗൺസിലർ എം.കെ യാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മറ്റി കൺവീനർ മുഹമ്മദ് റിയാസ് ചാലിൽ പരിപാടികൾ വിശദീകരിച്ചു.







