Puthuppady

ചത്ത കോഴികളുമായി പുതുപ്പാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

പുതുപ്പാടി: പഞ്ചായത്തിൽ നിന്നും രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തതിനെ തുടർന്ന് അവയോടൊപ്പം മറ്റ് നൂറ് കണക്കിന് വളർത്ത് കോഴികളും കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടും പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടെത്തുവാനോ ആവശ്യമായ നഷ്ടപരിഹാരം നൽകുവാനോ തയാറാവാത്ത ഭരണ സമിതി നിലപാടിനെതിരെ ചത്ത കോഴികളുമായി ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. തിരുപനന്തപുരത്തെ ഫാമിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിനെതിരെ എൽ.ഡി.എഫ് മെമ്പർമാരും ഇംപ്ലിമെന്റ് ഓഫീസറായ വെറ്റിനറി ഡോക്ടറും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇത് മറികടന്നാണ് ഭരണ സമിതി പദ്ധതി നടപ്പിലാക്കിയത്.

വർഷങ്ങൾക്ക് മുൻപ് ഇതേ ഏജൻസി വഴി കുടുംബശ്രീ കോഴി വിതരണം നടപ്പിലാക്കിയെങ്കിലും മുഴുവൻ കോഴിക്കുഞ്ഞുങ്ങളും ചത്തൊടുങ്ങിയിരുന്നു. ഇന്ന് തന്നെ പോസ്റ്റ് മോർട്ടം നടത്തി കാരണം കണ്ടെത്തി പരിഹാരം കാണുമെന്നും ചത്ത കോഴികളുടെ എണ്ണമെടുത്ത് നഷ്ടപരിഹാരം നൽകുമെന്നും പ്രസിഡന്റ് ബീന തങ്കച്ചൻ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ചത്ത കോഴികളുമായി ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ നടന്ന ഉപരോധം പിന്നീട് അവസാനിപ്പിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം എം.ഇ ജലീൽ, വാർഡ് മെമ്പർമാരായ ഡെന്നി വർഗീസ്, ശ്രീജ ബിജു, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിമാരായ സാലീഫ് കെ.എ, ഷനീജ് പി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button