ചെമ്പുകടവിൽ ബോസ്ട്രിങ് ആർച്ച് മോഡൽ പാലം നിർമാണം പുരോഗമിക്കുന്നു

കോടഞ്ചേരി: ചെമ്പുകടവിൽ ബോസ്ട്രിങ് ആർച്ച് മോഡൽ പാലം നിർമാണം പുരോഗമിക്കുന്നു. ചെമ്പുകടവ് അങ്ങാടിക്കു സമീപം ചാലിപ്പുഴയിൽ 55 മീറ്റർ നീളത്തിൽ ഒറ്റ സ്പാനിൽ നിർമിക്കുന്ന ബോസ്ട്രിങ് ആർച്ച് മോഡൽ പാലത്തിന് 6.38 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. പാലത്തിന്റെ കോൺക്രീറ്റ് ആർച്ചിന്റെ നിർമാണം പൂർത്തിയായി. മെയിൻ സ്ലാബിന്റെ കോൺക്രീറ്റ് പ്രവർത്തിയാണ് ഇനി അവശേഷിക്കുന്നത്.
ഇരുവശങ്ങളിലും നടപ്പാതയോട് കൂടിയ പാലത്തിന് 12 മീറ്റർ വീതിയും പുഴയിൽ നിന്നും കോൺക്രീറ്റ് ആർച്ചിന് 20 മീറ്റർ ഉയരവുമുണ്ട്. പാലത്തിന് ഇരുവശങ്ങളിലുമായി 125 മീറ്റർ നീളത്തിൽ റോഡ് നിർമ്മാണവും നടത്തേണ്ടതുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമാണകരാർ. തുഷാരഗിരി, കണ്ടപ്പൻചാൽ എന്നിവയ്ക്ക് പുറമേ കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാമത്തെ ആർച്ച് മോഡൽ പാലമാണ് പുതിയ ചെമ്പുകടവ് ബോസ്ട്രിങ് ആർച്ച് മോഡൽ പാലം.







