World

കൊറോണയ്‌ക്കെതിരെ വാക്‌സിനുമായി അമേരിക്ക; മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി; ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമെന്ന് ട്രംപ്

വാഷിങ്ടണ്‍: പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ വാക്‌സിനുമായി അമേരിക്ക. വൈറസിനെതിരായ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ വാക്‌സിന്റെ കോഡ് നാമം mRNA-1273 എന്നാണ്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്‌സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ എന്ന ബയോടെക്‌നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

സിയാറ്റയില്‍ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) അറിയിച്ചു. തിങ്കളാഴ്ചയാണ് ആദ്യത്തെയാളില്‍ വാക്‌സിന്‍ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും അധികൃതര്‍ പറഞ്ഞു.

ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button