Mukkam

മരം വീണ് നാശനഷ്ടം നാല് ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു

മുക്കം : മലയോരമേഖലയിൽ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുക്കത്ത് വൻനാശനഷ്ടം. മുക്കം-കുറ്റിപ്പാല ബൈപ്പാസിൽ പി.സി. തിയേറ്ററിനുസമീപം മരം പൊട്ടിവീണ് നാലു ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

റോഡരികിലെ പറമ്പിലെ വലിയ വാകമരമാണ് ഹൈടെൻഷൻ ലൈനിനുമുകളിലൂടെ റോഡിന് കുറുകെവീണത്. മൂന്ന് വൈദ്യുതത്തൂൺ പൂർണമായും തകർന്നു. ഒട്ടേറെ വൈദ്യുതത്തൂണുകൾക്ക് ഭാഗികമായും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
റോഡിൽ ഈ സമയത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയദുരന്തം ഒഴിവായി. കേബിൾ ടി.വി. മേഖലയ്ക്കും വലിയ നഷ്ടമുണ്ടായി.
അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈടെൻഷൻ, ലോ ടെൻഷൻ ലൈനുകൾ തകർന്നതോടെ മുക്കം നഗരത്തിലുൾപ്പെടെ വൈദ്യുതി പൂർണമായും നിലച്ചു.

മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും കെ.എസ്.ഇ.ബി. ജീവനക്കാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർഓഫീസർ എൻ. രാജേഷ്, സേനാംഗങ്ങളായ വൈ.പി. ഷറഫുദ്ദീൻ, ആർ. മിഥുൻ, പി. നിയാസ്, വി.എം. മിഥുൻ, കെ. അഭിനേഷ്, എസ്. അർജുൻ, കെ.എസ്. വിജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button