Mukkam

മുക്കം സഹകരണബാങ്കിനെതിരായ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിൽ

മുക്കം : അഴിമതിയാരോപണത്തിൽ മുക്കം സഹകരണബാങ്കിനെതിരായ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിൽ. യു.ഡി.എഫ്. ഭരണംനടത്തിയിരുന്ന ബാങ്കിൽ 2023 ജൂലൈ 19 മുതൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. രണ്ടുപരാതികളിലായി കണ്ണൂർ സഹകരണ വിജിലൻസും കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുമാണ് അന്വേഷണംനടത്തുന്നത്.

2018-ൽ നടന്ന ബാങ്കിന്റെ ഹെഡ് ഓഫീസ് നിർമാണത്തിനായി നാലരക്കോടി രൂപയോളം ചെലവഴിച്ചതിൽ വൻ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. പൊതുമരാമത്ത് ബിൽഡിങ് വിഭാഗവും ഇലക്ട്രിക്, ഇലക്ട്രോണിക് വിഭാഗവും ബാങ്കിൽ പരിശോധനനടത്തിയിട്ടുണ്ട്. ഒരു മുൻഡയറക്ടർ 35 ലക്ഷം രൂപ നിയമവിരുദ്ധമായി സസ്പെൻസ് അക്കൗണ്ടിലൂടെ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കേരളസർക്കാരിന്റെ ഹരിതം സഹകരണപദ്ധതിയുടെ മറവിൽ മുക്കം കച്ചേരിയിൽ തുടങ്ങിയ വാഴക്കൃഷിയിൽ ചെലവഴിച്ച തുകയിൽ പകുതിപോലും തിരിച്ചടച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും സൂചനയുണ്ട്. മുൻ ഡയറക്ടറായിരുന്ന എൻ.പി. ഷംസുദ്ദീൻ നൽകിയ പരാതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ 17 നിയമനങ്ങളിൽ കോടികളുടെ അഴിമതിനടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലാണ് കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണംനടക്കുന്നത്.

പിരിച്ചുവിട്ട ഭരണസമിതിയംഗങ്ങൾക്കതെിരേ സഹകരണനിയമം വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മുൻ ഡയറക്ടർമാരുടെയും ബന്ധുക്കളുടെയും വായ്പ ഫയലുകളിൽ നടത്തിയ പരിശോധനയിൽ മൂല്യനിർണയംനടത്തിയതിൽ ലക്ഷങ്ങളുടെ കുറവുള്ളതായും വിവരമുണ്ട്. 2016-ലെ ഡ്രൈവർ, ഫാർമസിസ്റ്റ്, ഫാർമസി ഹെൽപ്പർ നിയമനത്തിലും കോഴയിടപാടുകൾ കണ്ടെത്തിയതായും സൂചനയുണ്ട്.

Related Articles

Leave a Reply

Back to top button